മോഹന്‍ ലാല്‍ ആം ആദ്മിയിലേക്കോ....???

മോഹന്‍ ലാല്‍ ആം ആദ്മിയിലേക്കോ... ? ഒരുപാട് മനസുകള്‍ സ്വാര്‍ഥതാല്‍പര്യമില്ലാതെ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തതിന്റെ ഫലമാണ് ആം ആദ്മിയെന്ന് ലാല്‍....
ഇടത് - വലത് പാര്‍ട്ടികളുടെ നെഞ്ചിടിപ്പ് കൂടാന്‍ നിരവധി പ്രമുഖരാണ് ആം ആദ്മിയിലേക്ക് ഒഴുകി കൊണ്ടിരിക്കുന്നത്. അതിനിടയിലാതാ സാക്ഷാല്‍ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ ലാല്‍ ആം ആദ്മിയെക്കുറിച്ച് ബ്ലോഗില്‍ കുറിച്ചിരിക്കുന്നു. വെളിപാട്... (എല്ലാ മനുഷ്യരുടേയും ഉള്ളിലെ ഇഊര്‍ജ്ജം ) എന്ന തലക്കെട്ടോടെ ലാല്‍ രണ്ട് കാര്യങ്ങള്‍ പറയുകയാണ്.... ആം ആദ്മിയുടെ വരവ് വിപ്ലവമല്ല, വെളിപാടാണെന്നാണ് ലാല്‍ പറയുന്നത്. ഒരുപാട് മനസുകള്‍ സ്വാര്‍ഥതാത്പര്യമില്ലാതെ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തതിന്റെ ഫലമായുണ്ടായ വെളിപാടാണ് ആംആദ്മി. അതേസമയം താന്‍ ഒരു പാര്‍ട്ടിയുടേയും പ്രവര്‍ത്തകനോ അംബാസിഡറോ അല്ലെന്നും ലാല്‍ വ്യക്തമാക്കുന്നുണ്ട്. ഇത് ഏതെങ്കിലും പാര്‍ട്ടിക്കുള്ള പിന്തുണക്കുറിപ്പുമല്ലെന്നും എന്നാല്‍ ആംആദ്മിക്കുള്ളില്‍ അണിനിരക്കുന്ന പ്രവര്‍ത്തകരെ മുന്നോട്ടു നയിക്കുന്ന ഊര്‍ജം നിലവിലുള്ള അവസ്ഥയോടുള്ള കടുത്ത മടുപ്പും പുതിയ ഒരു വ്യവസ്ഥക്കുവേണ്ടിയുള്ള ദാഹവുമാണെന്നു തനിക്കു മനസിലാകുന്നുണ്ടെന്നും ലാല്‍ ബ്ലോഗിലൂടെ പറയുന്നു. വര്‍ഷങ്ങളായി നാം കണ്ടു ശീലിച്ച രാഷ്ട്രീയമാവില്ല ഇത്. ഒരു കുഞ്ഞു പിറക്കുന്നതുപോലെയുള്ള അവസ്ഥയാണ്. അതുകൊണ്ടാണ് ആം ആദ്മിയുടെ വരവിനെ വിപ്ലവമായി കാണാതെ വെളിപാടായി താന്‍ കാണുന്നതെന്നും മോഹന്‍ലാല്‍ വ്യക്തമാക്കുന്നു. ആരോപണ പ്രത്യാരോപണങ്ങളും സമരങ്ങളും ഹര്‍ത്താലുകളും കല്ലേറുകളും അടിപിടികളും കൊലപാതകങ്ങളും അഴിമതിയും നിറഞ്ഞ രാഷ്ട്രീയമല്ല പകരം തൊഴിലവസരങ്ങളും നീതിയും തുല്യതയും നിയമപാലനവുമെല്ലാമുള്ള ഒരു രാഷ്ട്രീയക്രമത്തിനുവേണ്ടി അടുത്ത തലമുറ ദാഹിക്കുന്നതിന്റെ തെളിവാണ് ആം ആദ്മിയുടെ ഡല്‍ഹിയിലെ വിജയമെന്നും മോഹന്‍ലാല്‍ ബ്ലോഗില്‍ കുറിച്ചു. നിലവിലുള്ള എല്ലാ അധികാരകേന്ദ്രങ്ങളും അഴിമതിയടക്കമുള്ള തിന്മകളില്‍ മുങ്ങിയിരിക്കുകയാണ്. പൊള്ളയായ വാക്കുകളില്‍ അവര്‍ അഭിരമിച്ചുവെന്നും ഈ സമയം അരാഷ്ട്രീയവാദികളെന്നു ഏറെപേരും പരിഹസിച്ചവര്‍ ഒരവസരം വന്നപ്പോള്‍ സര്‍വശക്തിയോടെ പുറത്തു വന്നു. ആം ആദ്മിയുടെ വിജയം ഒരു പാര്‍ട്ടിയുടെ വിജയമായിട്ടല്ല, മറിച്ച് എല്ലാ മനുഷ്യരൂടേയും ഉള്ളിലുള്ള വെളിച്ചവും ഊര്‍ജ്ജവുമായാണ് താന്‍ അതിനെ കാണുന്നത്. അതിനാല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഒരു ശുദ്ധീകരണ പ്രക്രിയ സംഭവിക്കും എന്ന് ഒരുപാടുപേരെ പോലെ താനും പ്രതീക്ഷിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്നുവെന്നും ജനാധിപത്യത്തിന്റെ ശക്തി ഇന്ത്യ ലോകത്തോട് വിളിച്ചു പറയട്ടെ എന്നും പറഞ്ഞാണ് മോഹന്‍ലാല്‍ തന്റെ ബ്ലോഗിലെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

No comments:

Post a Comment