ലണ്ടന്‍ : രണ്ടാം ലോകമഹാ യുദ്ധത്തില്‍ ജര്‍മനി തോറ്റതിനുശേഷം 1945 ല്‍ ബെര്‍ലിനിലെ ബങ്കറില്‍ വച്ച് ഹിറ്റ്‌ലര്‍ സ്വയം വെടിവച്ച് മരിക്കുകയായിരുന്നുവെന്നത് തെറ്റാണെന്ന് അവകാശവാദം. അദ്ദേഹം തൊണ്ണൂറ്റിയഞ്ച് വയസുവരെ ജീവിച്ച ശേഷം 1984 ല്‍ സൗത്ത് അമേരിക്കയില്‍ വച്ചാണ് മരിച്ചതെന്നാണ് സിമോണി റെനീ ഗ്വരെരോ ഡയസ് എന്ന എഴുത്തുകാരി തെളിവുകളുടെയും നിഗമനങ്ങളെയും അടിസ്ഥാനത്തില്‍ വെളിപ്പെടുത്തുന്നത്.
ജര്‍മനി തോറ്റപ്പോള്‍ തന്റെ ഒളിത്താവളത്തില്‍നിന്ന് രക്ഷപ്പെട്ട ഹിറ്റ്‌ലര്‍ ബ്രസീലിലെ ബൊളീവിയന്‍ അതിര്‍ത്തിയോടനുബന്ധിച്ചുള്ള ചെറുപട്ടണത്തിലെത്തി അവിടെ ജീവിക്കുകയായിരുന്നുവെന്നും അവിടെ വച്ച് വാര്‍ധക്യത്തില്‍ മരിച്ചതെന്നുമാണ് പുസ്തകത്തില്‍ പറയുന്നത്. അപൂര്‍വമായൊരു ചിത്രം കാണിച്ച് സിമോണി അത് തെളിയിക്കാനും ശ്രമിക്കുന്നുണ്ട്.
ഹിറ്റ്‌ലര്‍ ജര്‍മനിയില്‍നിന്ന് നേരെ പോയത് അര്‍ജന്റീനയിലേക്കായിരുന്നു. അവിടെനിന്ന് പരാഗ്വേയിലേക്കും കടന്നു. അവിടെനിന്ന് ബ്രസീലിയന്‍ സംസ്ഥാനമായ മാറ്റോ ഗ്രോസോയിലേക്കാണ് പോയത്. യുദ്ധവേളയില്‍ സഖ്യകക്ഷികള്‍ നല്‍കിയ മാപ്പ് ഉപയോഗിച്ച് ഇവിടെയുള്ള വലിയൊരു നിധിയെടുക്കുന്നതിനുവേണ്ടിയായിരുന്നുവത്രെ ഇവിടെ താമസമുറപ്പിച്ചത്.
മറ്റുള്ളവര്‍ കണ്ടുപിടിക്കാതിരിക്കാന്‍ കുടിംഗ എന്നൊരു കറുത്ത സ്ത്രീയുമായി ബന്ധം സ്ഥാപിച്ചതായും പുസ്തകത്തില്‍ പറയുന്നു. തന്റെ ആര്യന്‍ ആദര്‍ശത്തിന് യോജിക്കാത്ത ആരെയും ഹിറ്റ്‌ലര്‍ക്ക് ഇഷ്ടമായിരുന്നില്ല എന്നതിനാല്‍ കറുത്തവര്‍ഗക്കാരിയുമായുള്ള ജീവിതം ആരിലും സംശയം ജനിപ്പിച്ചില്ല. അഡോള്‍ഫ് ലെയ്‌സ്പിഗ് എന്നപേരില്‍ ബ്രസീലിയന്‍ ഗ്രാമമായ നോസ സെനോറ ഡോ ലിവ്‌റമെന്റോയിലാണ് ഹിറ്റ്‌ലര്‍ താമസിച്ചത്.
ബ്രസീലുകാരിയായ സിമോണി തന്റെ കണ്ടുപിടുത്തം തെളിയിക്കുന്നതിനായി ഇസ്രായേലില്‍ താമസിക്കുന്ന ഹിറ്റ്‌ലറിന്റെ ബന്ധുവിനെ ഉപയോഗിച്ച് ഡി എന്‍ എ ടെസ്റ്റ് നടത്താനൊരുങ്ങുകയാണ്.
ബ്രസീലില്‍ കണ്ട ഹിറ്റ്‌ലറിന്റെ മീശയില്ലാത്ത ചിത്രത്തില്‍ ഫോട്ടോഷോപ്പ് ഉപയോഗിച്ച് മീശ വച്ചതോടെയാണ് ഇത്തരമൊരു സംശയത്തിന് ഇടവന്നതെന്ന് സിമോണി വെളിപ്പെടുത്തി. ഒരിക്കല്‍ ഒരു പോളിഷ് കന്യാസ്ത്രിയും അദ്ദേഹത്തെ ഹിറ്റ്‌ലറാണെന്ന് സംശയിച്ചിരുന്നു. ആശുപത്രിയില്‍ ഓപ്പറേഷന് വിധേയനായിക്കൊണ്ടിരുന്നപ്പോഴായിരുന്നു ഇത്. എന്നാല്‍ അത് അദ്ദേഹം ശക്തിയുക്തം നിഷേധിക്കുകയായിരുന്നവെന്നാണ് ഹിറ്റ്‌ലര്‍ ഇന്‍ ബ്രസീല്‍ - ഹിസ് ലൈഫ് ആന്റ് ഹിസ് ഡെത്ത് എന്ന പുസ്തകത്തില്‍ വെളിപ്പെടുത്തുന്നത്
No comments:
Post a Comment