15 ദിവസം ഭാര്യയ്‌ക്കൊപ്പം, 15 ദിവസം കാമുകിക്കുമൊപ്പം; എത്ര നല്ല കോടതി വിധി, ഭര്‍ത്താവോ ഭാഗ്യവാനും


മധ്യപ്രദേശിലെ ഖാണ്ഡവിലുള്ള ഓംകാര്‍ ഈശ്വര്‍ ഇത്രയും നാള്‍ പുലിവാല് പിടിച്ചതുപോലെയായിരുന്നു. ഭാര്യയും കാമുകിയുമുള്ള അയാള്‍ ഇരുവരുടെയും പരാതികൊണ്ട് പൊറുതിമുട്ടിയിരിക്കുകയായിരുന്നു. മറ്റേയാളിന്റെ കൂടെയാണ് ഈശ്വര്‍ കൂടുതല്‍ സമയവും താമസിക്കുന്നതെന്നായിരുന്നു ഇരുവരുടെ പരാതി. ഒടുവില്‍ ഭാര്യ കോടതിയിലെത്തിയതോടെയാണ് ഈശ്വറിന്റെ ശനിദശ തീര്‍ന്നത്.

മാസത്തില്‍ 15 ദിവസം ഭാര്യയ്‌ക്കൊപ്പവും ബാക്കി 15 ദിവസം കാമുകിയോടൊപ്പവും ചെലവഴിക്കാനാണ് ലോക് അദാലത്ത് വിധിച്ചത്.

പരസ്പര ധാരണയോടെ ഇരുവരും തങ്ങളുടെ ഇഷ്ടപുരുഷനൊത്ത് ഒരേ വീട്ടില്‍ കഴിയണമെന്നും ജസ്റ്റിസ് ഗംഗാചരണ്‍ ദുബെ നിര്‍ദേശിച്ചു. ഭാര്യയും കാമുകിയും ഇയാളോടൊപ്പം 15 ദിവസം വീതം തുല്യമായി കഴിയണം.

വൈദ്യുതി വകുപ്പില്‍നിന്ന് വിരമിച്ച ഈശ്വര്‍ രണ്ടു വര്‍ഷമായി തന്നെ പരിഗണിച്ചിരുന്നില്ല എന്നായിരുന്നു ഭാര്യയുടെ പരാതി.അതേസമയം വീട്ടിലെ വസ്തുവകകള്‍ കാമുകിക്കും തുല്യ അവകാശം ഉണ്ടായിരിക്കുമെന്ന് കോടതി വ്യക്തമാക്കി. ഇയാളുടെ വീട്ടില്‍ മൂന്നു മുറികളാണുള്ളത്. ഇതില്‍ ഒന്ന് ഭാര്യക്കും മറ്റൊന്ന് കാമുകിക്കും നല്‍കണം. ബാക്കിയുള്ളത് ഇവര്‍ക്ക് പൊതുവായി ഉപയോഗിക്കാമെന്നാണ് ഉത്തരവില്‍ പറയുന്നത്.

No comments:

Post a Comment